ഗൾഫിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികളും

 ഗൾഫിൽ നിന്നു മടങ്ങുന്നവരുടെ എണ്ണം കൂടി; ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികളും



കരിപ്പൂർ • ഗൾഫ് നാടുകളില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. പെരുന്നാൾ ആഘോഷവും ഗൾ‌ഫ് നാടുകളിലെ വിദ്യാലയങ്ങളുടെ അവധിയും മുതലെടുത്താണു വൻ നിരക്കു വർധന. മൂന്നിരട്ടി വരെ കൂടിയിട്ടുണ്ട്. ആഘോഷത്തില്‍ പങ്കെടുക്കാനും അവധിക്കാലം ചെലവിടാനുമായി പതിനായിരക്കണക്കിനു പ്രവാസികളാണു വിവിധ ഗള്‍ഫ് നാടുകളില്‍നിന്നു നാട്ടിലേക്കു മടങ്ങാനിരിക്കുന്നത്.


യാത്രാനിരക്കില്‍ വലിയ സാമ്പത്തിക ബാധ്യതയാണ് അവരെ കാത്തിരിക്കുന്നത്. യുഎഇയിൽനിന്നാണ് വലിയ വർധന. ജൂലൈ 8ന് ദുബായിൽനിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്കു 38,000 രൂപ മുതൽ 45,000 രൂപ വരെയാണ് വിവിധ വിമാനക്കമ്പനികള്‍ ആവശ്യപ്പെടുന്ന തുക.എന്നാല്‍, അതേദിവസം കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 8,530 രൂപ മുതല്‍ 9,082 രൂപ വരെ മാത്രമാണ്.


മൂന്നിരട്ടിയിലേറെയാണു വര്‍ധന. അതേദിവസം, അബുദാബിയിൽനിന്നു കോഴിക്കോട് വിമാനത്താവളത്തിലെത്താൻ 37,000 രൂപ മുതൽ 44,000 രൂപ വരെയും ഷാർജയിൽനിന്ന് 39,000 രൂപ മുതൽ 50,000 രൂപ വരെയും നല്‍കണം. ജിദ്ദയിൽനിന്ന് 32,000 രൂപ മുതൽ 35,000 രൂപ വരെയും ഖത്തറിൽനിന്നു 39,000 രൂപ മുതൽ 62,000 രൂപ വരെയുമാണു വിമാനക്കമ്പനികൾ ആവശ്യപ്പെടുന്നത്. അതേസമയം, നാട്ടിൽനിന്നു ഗൾഫ് നാടുകളിലേക്കുള്ള നിരക്കിൽ കാര്യമായ മാറ്റമില്ല. ഗള്‍ഫ് നാടുകളില്‍നിന്നു നാട്ടിലേക്കുള്ള നിരക്കു വര്‍ധന കുറയ്ക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണു പ്രവാസികളുടെ ആവശ്യം.

Comments

Popular Posts