വാഹന രജിസ്ട്രേഷനിൽ നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ

 വാഹന രജിസ്ട്രേഷനിൽ നിർണായക തീരുമാനവുമായി കേന്ദ്രസർക്കാർ എന്ന വാർത്ത മിന്നുന്നുണ്ട് ചാനലുകളിൽ. സംസ്ഥാനങ്ങളെ കുറിച്ചിരുന്ന KL, TN, KA, MH തുടങ്ങി ലെറ്ററുകൾക്ക് പകരം BH വരും. BH എന്നാൽ ഭാരത്. അഥവാ രാജ്യമാകെ ഏകീകൃത സംവിധാനം. കേൾക്കുമ്പോൾ കൊള്ളാം, നല്ല ആശയം എന്ന് തോന്നുന്നുണ്ടോ. വരട്ടെ. നടക്കാനിരിക്കുന്ന കളി വേറെയാണ്.


ഒന്ന്: സംസ്ഥാനങ്ങൾക്ക് വാഹന രജിസ്ട്രേഷൻ വകയിൽ ലഭിച്ചിരുന്ന വരുമാനം നിലക്കും. അതും വടക്കോട്ടെടുക്കും. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുക എന്നതാണല്ലോ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാരിന്റെ മുഖ്യഅജണ്ടകളിലൊന്ന്. കേന്ദ്രത്തിൽ നിന്നുള്ള സഹായം സംസ്ഥാനം ഭരിക്കുന്ന പാർട്ടിയെ നോക്കിയാകും എന്ന് പ്രത്യേകം പറയേണ്ടതുമില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന കേന്ദ്രസഹായം അതേഅളവിൽ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കിട്ടാറില്ല എന്നത് യാഥാർഥ്യമാണല്ലോ. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ ഉടമ -അടിമ ബന്ധം ഉണ്ടാക്കിയെടുക്കാൻ കുറേക്കാലമായി അണിയറയിൽ പണി നടക്കുന്നുണ്ട്. മുതലാളിയുടെ കനിവിനായി കാത്തുനിൽക്കുന്ന അടിയാളന്റെ നിസ്സഹായതയിലേക്ക് സംസ്ഥാനങ്ങളെ തള്ളിവിടാനുള്ള ആ നീക്കങ്ങളുടെ തുടർച്ചയാണ് ഏകീകൃത വാഹന രജിസ്ട്രേഷൻ.


രണ്ട്: ഇന്ത്യ എന്ന പേരിനോട് പണ്ടേ ഇഷ്ടമില്ല സംഘപരിവാറിന്. ബിജെപി നേതാക്കളുടെ പ്രസംഗം+പ്രസ്താവന, സംഘി മീഡിയകളുടെ വാർത്ത -ഇതിലൊന്നും ഇന്ത്യ എന്ന് ഉണ്ടാകില്ല. ഭാരതം എന്നാണ് പ്രയോഗം. ക്രിക്കറ്റ് ടീമിനെ കുറിച്ച് റിപ്പോർട്ട്‌ ചെയ്യുമ്പോൾ ഭാരത ടീം എന്നേ എഴുതൂ ജന്മഭൂമി. ആ വാക്കിൽ ഒളിച്ചുകടത്തുന്ന ചില ഹിന്ദുത്വ താല്പര്യങ്ങൾ ഉണ്ട്. BH എന്ന് നമ്പർ പ്ലേറ്റിൽ എഴുതുമ്പോൾ ഇന്ത്യ എന്ന പേരിൽ നിന്ന് ഭാരതം എന്ന പേരിലേക്ക് രാജ്യം പതിയെ മാറുന്നു എന്നുകൂടി അതിന് അർത്ഥമുണ്ട്.

ആ നിലക്ക് നിർണായക തീരുമാനം തന്നെയാണ് ഡൽഹിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

Comments

Popular Posts