മയിൽ പീലിയും മഞ്ചാടിയും പറഞ്ഞ കഥ PART 2
മയിൽ പീലിയും മഞ്ചാടിയും പറഞ്ഞ കഥ
PART :2
വീടിനടുത്ത് ആണ് മദ്രസ എങ്കിലും പോകുന്ന വഴികൾ കുറച്ചു ദൂരം കൂട്ടുന്നത് എന്തിനാണ് എന്നറിയില്ല. നടന്നും ഓടിയും നേർവഴിക്ക് പകരം വീടുകളുടെ വേലി തുറന്നു മുറ്റം വഴി ഒക്കെ പോയി മദ്രസയുടെ മുന്നിൽ എത്തിയാൽ ഒരു മെല്ലെ നടത്തം ഉണ്ട്... കിതപ്പുകൾ അടക്കി ഉസ്താദിനോട് "കേറിക്കോട്ടെ" എന്ന അനുവാദം ചോദിക്കുമ്പോൾ ചുമരിൽ ചിരിച്ചു കിടക്കുന്ന വലിയ ക്ലോക്കിന്റെ സൂചികൾ തിട്ടപ്പെടുത്തി "ന്തേ വൈകി ന്ന് "മറുചോദ്യം!
പ്രത്യേകിച്ച് ഉത്തരങ്ങൾ ഇല്ലാ എങ്കിൽ ക്ലാസ്സിന്റെ സൈഡിൽ കുറച് സമയം നിർത്തിക്കും.. ..സമയം നല്ലതല്ലെങ്കിൽ... രാവിലെ ചൂടോടെ രണ്ടടി നിശ്ചയം.
ഖുർആനും ഹിഫ്ളും തജ്‌വീദും ഫിഖ്ഹും അഹ്‌ലാക്കും ലിസാനും പഠിപ്പിക്കുമ്പോ വരുന്ന ഉറക്കം തൂക്കൽ താരീഹിന്റെ കഥകൾ കേൾക്കുമ്പോൾ ഉണ്ടാകില്ല..
ഓരോ ബെല്ലുകളുംകഴിയുമ്പോൾ മദ്രസ വിടുന്ന സമയം അടുപ്പിക്കും മനസിൽ.. സ്വലാത്തും ചൊല്ലി മദ്രസ്സ വിട്ട് നായികയും കൂട്ടുകാരും ഇറങ്ങി പോകുന്നത് നേരെ മദ്രസ്സയ്ക്ക് അടുത്തുള്ള പറമ്പിൽ ആണ്... മധുരം നിറഞ്ഞ മാങ്ങ പെറുക്കി പാവാടയുടെ കീശകൾ നിറയ്ക്കും.. ചുന പോലും കളയാതെ തട്ടം കൊണ്ട് തുടച്ചു കടിച്ചു തിന്നും.. മാങ്ങ പെറുക്കൽ മത്സരം കഴിഞ്ഞാൽ പിന്നെ മാല കെട്ടാൻ ഇരഞ്ഞി പൂവ് പെറുക്കാൻ ഉള്ള ഓട്ടമാണ്... കുഞ്ഞിക്കെയ്യിൽ കൊള്ളാത്ത ഇരഞ്ഞി പൂവ് എല്ലാം തട്ടത്തിൽ പെറുക്കും...ആ വലിയ ഇരഞ്ഞിയുടെ തായേ ആണ് ആദ്യം ആയി ഒരു ചുവന്ന മഞ്ചാടി ക്കുരുവിനെ നായിക കണ്ടത്... അവൾ കെയ്യിലേക്ക് എടുത്തപ്പോൾ ചങ്ങാതി സഹദ പറഞ്ഞു.. "ഇത് എന്റടുത്തു കൊറേ ഉണ്ട്... മഞ്ചാടിക്കുരു...ഇത് എണ്ണിവെച്ചാൽ നടക്കാത്ത പൂതി എല്ലോ നടക്കും പോലും."അള്ളോ.സത്യം ആയിട്ടും നടക്കുവോടി?"എന്നായി നായിക..
ആ നടക്കും ഇന്ക് വേണ അത്...? ഇനി കിട്ടുമ്പോ തരാം ഞാൻ എന്ന് ചങ്ങായി ഉറപ്പിച്ചു പറഞ്ഞപ്പോ സന്തോഷം കൊണ്ട് കെയ്യിലെ ഇന്നത്തെ ഇരഞ്ഞിപൂവ് അവൾക്കു കൊടുത്തു...
Comments
Post a Comment