മയിൽ പീലിയും മഞ്ചാടിയും പറഞ്ഞ കഥ PART 3

 മയിൽ പീലിയും മഞ്ചാടിയും പറഞ്ഞ കഥ  PART 3



വീടിനടുത്ത് ആണ് മദ്രസ എങ്കിലും പോകുന്ന വഴികൾ കുറച്ചു ദൂരം കൂട്ടുന്നത് എന്തിനാണ് എന്നറിയില്ല. നടന്നും ഓടിയും  നേർവഴിക്ക് പകരം വീടുകളുടെ വേലി തുറന്നു മുറ്റം വഴി  ഒക്കെ പോയി മദ്രസയുടെ മുന്നിൽ എത്തിയാൽ ഒരു മെല്ലെ നടത്തം ഉണ്ട്... കിതപ്പുകൾ  അടക്കി  ഉസ്താദിനോട് "കേറിക്കോട്ടെ" എന്ന അനുവാദം ചോദിക്കുമ്പോൾ ചുമരിൽ ചിരിച്ചു കിടക്കുന്ന വലിയ ക്ലോക്കിന്റെ സൂചികൾ തിട്ടപ്പെടുത്തി "ന്തേ വൈകി ന്ന്‌  "മറുചോദ്യം!
പ്രത്യേകിച്ച്  ഉത്തരങ്ങൾ ഇല്ലാ എങ്കിൽ       ക്ലാസ്സിന്റെ സൈഡിൽ  കുറച് സമയം നിർത്തിക്കും.. ..സമയം നല്ലതല്ലെങ്കിൽ... രാവിലെ ചൂടോടെ രണ്ടടി  നിശ്ചയം.

ഖുർആനും ഹിഫ്ളും തജ്‌വീദും ഫിഖ്ഹും അഹ്‌ലാക്കും ലിസാനും പഠിപ്പിക്കുമ്പോ   വരുന്ന ഉറക്കം തൂക്കൽ താരീഹിന്റെ കഥകൾ കേൾക്കുമ്പോൾ  ഉണ്ടാകില്ല..

ഓരോ ബെല്ലുകളുംകഴിയുമ്പോൾ മദ്രസ വിടുന്ന  സമയം  അടുപ്പിക്കും മനസിൽ..  സ്വലാത്തും ചൊല്ലി മദ്രസ്സ വിട്ട് നായികയും കൂട്ടുകാരും ഇറങ്ങി പോകുന്നത് നേരെ മദ്രസ്സയ്ക്ക് അടുത്തുള്ള പറമ്പിൽ ആണ്... മധുരം നിറഞ്ഞ മാങ്ങ പെറുക്കി   പാവാടയുടെ കീശകൾ നിറയ്ക്കും..  ചുന പോലും കളയാതെ തട്ടം കൊണ്ട് തുടച്ചു കടിച്ചു തിന്നും..  മാങ്ങ പെറുക്കൽ മത്സരം കഴിഞ്ഞാൽ പിന്നെ മാല കെട്ടാൻ ഇരഞ്ഞി പൂവ് പെറുക്കാൻ ഉള്ള ഓട്ടമാണ്...  കുഞ്ഞിക്കെയ്യിൽ കൊള്ളാത്ത ഇരഞ്ഞി പൂവ് എല്ലാം  തട്ടത്തിൽ പെറുക്കും...ആ വലിയ ഇരഞ്ഞിയുടെ തായേ ആണ് ആദ്യം ആയി ഒരു ചുവന്ന മഞ്ചാടി ക്കുരുവിനെ  നായിക കണ്ടത്... അവൾ കെയ്യിലേക്ക് എടുത്തപ്പോൾ ചങ്ങാതി സഹദ പറഞ്ഞു.. "ഇത് എന്റടുത്തു കൊറേ ഉണ്ട്... മഞ്ചാടിക്കുരു...ഇത് എണ്ണിവെച്ചാൽ  നടക്കാത്ത പൂതി എല്ലോ  നടക്കും പോലും."അള്ളോ.സത്യം ആയിട്ടും നടക്കുവോടി?"എന്നായി നായിക..
ആ നടക്കും ഇന്ക് വേണ അത്...? ഇനി കിട്ടുമ്പോ തരാം ഞാൻ എന്ന് ചങ്ങായി ഉറപ്പിച്ചു പറഞ്ഞപ്പോ സന്തോഷം കൊണ്ട് കെയ്യിലെ ഇന്നത്തെ ഇരഞ്ഞിപൂവ്  അവൾക്കു കൊടുത്തു...
     സമയം ഒത്തിരി വൈകി..  നാസ്ത കഴിച്ചു സ്കൂളിൽ പോകേണ്ടതാണ്... ഇന്ന് ഉമ്മാന്റെ വക തല്ല് ഉറപ്പാണ്...   ചെറിയാപ്രം ആരൂല്ല.. അകത്തു കേറിയപ്പോ നിറായിൽ ഉമ്മാ ദോശ ചുടുന്നുണ്ട്.."ഇഞ്ഞി വന്നോ.. ഇന്ക് ന്ന് സ്കൂളിൽ പോവണ്ടേ?.. കൈ കഴുകി വേഗോ ദോശ തിന്നുട്  ഉമി... ന്ത് കളിയാ ഇഞ്ഞി കളിക്കുന്നെ..  ബെല്ലടിക്കട്ടെ.. ടീച്ചർ കലമ്പട്ടെ.. നല്ലണം അടിയും കിട്ടട്ടെ.. കണ്ട പറമ്പ് മുഴുവൻ പെറുക്കി വരുവാ ഓള്..". ഉമ്മാന്റെ  വായ്ത്താരി കഴിയില്ല..അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കും......
"ഉപ്പ പോയോ ഫസി.."    പാത്രം കഴുകി വെക്കുന്ന ഏട്ടത്തിയോട് ഉമൈറ ചോദിച്ചു.. "ആ പോയി...  ഇന്ന് കൊർച് നേരത്തെ പോയി.. ഡയാലിസിസ് ചെയ്യണ്ടേ പോയിട്ട്.."
" ഇഞ്ഞി ഇനിയും തിന്നില്ലേ "ഉമ്മ കണ്ണുരുട്ടിയപ്പോ " കഴിഞ്ഞി "ന്ന്‌ പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് കൈ കഴുകി.. വെള്ള കുപ്പായവും  ചുവന്ന പാവാടയും ആണ് യൂണിഫോം.. ഇസ്തിരി ഇട്ടു വെച്ച യൂണിഫോം ധരിച്ചു മക്കനയും കുത്തി ബാഗും എടുത്ത് മുറ്റത് ഇറങ്ങിയപ്പോ   ഉപ്പാന്റെ അനിയന്റെ മകൾ ഹഫ്‌സീനയും എത്തി..  "ഉമ്മാ ഞങ്ങള് പോന്ന "  ഉമ്മയോട് റ്റാറ്റാ പറഞ്ഞു ഇടയിലൂടെ നടക്കുമ്പോ ഉമൈറ പറഞ്ഞു... "ഹഫ്‌സീ ഞ്ഞി മഞ്ചാടിക്കുരു കണ്ടിന..  ഇന്റട്ത് ഉണ്ടാ മഞ്ചാടി കുരു? ഹഫ്‌സീന പറഞ്ഞു "ഇല്ലല്ലോ ഉമി.. ന്നാ അത്   ? പോകുന്ന വഴി ഒരു കൊച്ചു തൊടുണ്ട്.. അതിന്റെ കുറുകെ ഒരു മരത്തടിയും.. അത് കടക്കാൻ ഹഫ്‌സീന്റെ കൈ ഉമൈറ പിടിക്കണം .. കൈ പിടിച്ചു തോട് മുറിച്ചു കടന്നപ്പോ ഉമൈറ പറഞ്ഞു സഹദ കൊണ്ടുത്തരും അനക്.. അത് കിട്ടിയാൽ നടക്കാത്ത പൂതി എല്ലോ നടക്കുമ്പോലും...  പറഞ്ഞു പറഞ്ഞു സ്കൂളിന്റെ മുറ്റത്തു എത്തി...  ആദ്യ ബെല്ലടിച്ചിട്ടുണ്ട്.. ഭാഗ്യം രണ്ടാമത്തെ ബെല്ലടിച്ചെങ്കിൽ  സരോജിനി ടീച്ചർ പുറം പൊളിച്ചേനെ..   ക്ലാസ്സിൽ  നേരത്തെ ഹാജർ ആയിരുന്നു സഹദയും ജുനൈസയും..  പപ്പൻ മാഷിന്റെ ഇംഗ്ലീഷ്  ക്ലാസ്സ്‌ ആണ്.. ആദ്യം... പ്രാർത്ഥനയുടെ രണ്ടാം ബെൽ അടിച്ചു..   എഴുനേറ്റ് നിന്നു കുട്ടികൾ എല്ലാവരും.  അടുത്തുനിന്ന സഹദ യുടെ ചെവിട്ടിൽ പതിയെ ഉമൈറ പറഞ്ഞു.. നീ കൊണ്ട് വന്നിനോ മഞ്ചാടി? സഹദ അനങ്ങാതെ ബാഗ് ന്റെ ആദ്യ സിമ്പ് തുറന്നു കാണിച്ചു.. നിറയെ മഞ്ചാടി.. ഉമൈറ അവളെ നോക്കി പുഞ്ചിരിച്ചു..പ്രാർത്ഥന കഴിഞ്ഞു.. ഇനി  ഇംഗ്ലീഷ് ആണ്.. മിണ്ടിയാൽ ഡെസ്റ്റർ ചോക്ക് എന്നിവ പറന്നു വരും.. പിന്നെ ചൂരൽ വന്നു സംസാരിക്കാൻ തുടങ്ങും.. ക്ലാസ്സിൽ നിശബ്ദത മാത്രം.. പപ്പൻ മാഷിന്റെ കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ്  മാത്രം കേട്ട് കൊണ്ട്  പൈതങ്ങൾ എല്ലാം തരിച്ചിരിപ്പാണ്.

ഇന്റർവെൽ സമയം.. പുറത്തിറങ്ങി.. സ്കൂൾ മുറ്റത്തെ കിണറിന്റെ അടുത്തേക്ക് ഓടിച്ചെന്നു... പതിവ് പോലെ വെള്ളം കുടിക്കാൻ ഉള്ള കുട്ടികളുടെ ഉന്തും തള്ളും കണ്ടു വെള്ളം കുടിക്കാൻ ഉള്ള അതിയായ മോഹം ഒന്ന് അടക്കി വെച്ചു.. ജുനൈസ പറഞ്ഞു ബെല്ലടിച്ചാൽ എല്ലാം പോകും.. അപ്പോ നമുക്ക് വലിക്കാം.. അവളുടെ ദീർഘ വീക്ഷണം ശെരിയായിരുന്നു.. വെള്ളം വലിക്കാൻ അധികാരികമായി അറിയുന്നത് സഹദ ക്കാണ്..ഉമൈറ യും ജുനൈസയും കിണറ്റിലെ മീനുകളെ എണ്ണി തിട്ടപ്പെടുത്തുമ്പോയേക്കും പാള തൊട്ടി വലിച്ചു ക്ഷീണിച്ച സഹദ ആദ്യം വെള്ളം കുടിച്ചു.. തൊട്ടി ചെരിച്ചുപിടിച്ചു കൊടുത്തു കൂട്ടുകാരികൾ പരസ്പരം.. കൈകൾ ചേർത്തു പിടിച്ചു പകുതി മറിയുന്ന തണുത്ത വെള്ളത്തിന് ദാഹത്തിനെയും വിശപ്പിനെയും ഒന്നിച്ചു മാറ്റാനുള്ള കഴിവുണ്ടായിരുന്നു...
 പിരീഡുകൾ ഏതു വന്നാലും ഓ ഇത്.. ശോ ഇതെപ്പോ തീരും എന്ന ഭാവമല്ലാതെ കുട്ടിപട്ടാളത്തിനു ഉണ്ടാവില്ല.. പക്ഷേ ചന്ദ്രൻ മാഷിന്റെ ഡ്രിൽ പിരീഡ് അത് മാത്രം ആവേശത്തോടെ കാണുന്ന മാനറിസം അത് ഒരത്ഭുതപ്രതിഭാസമാണ്. ഹിന്ദിയും കൂടി മാഷിന്റെ വകുപ്പിലുണ്ട്.. പക്ഷേ മാഷ് കുട്ടികളുടെ മനസ്സ് കാണുകയും കൂടെ നിക്കുകയും ചെയ്യുന്നതിനാൽ മാഷിനെ കുട്ടിപട്ടാളം മുതലെടുക്കുക സ്ഥിരം ആണ്.. അങ്ങനെ മിക്ക ഹിന്ദി പിരീഡുകളും ഡ്രിൽ പിരീഡ് ആയി മാറിയിരുന്നു.. പൂഴി മണ്ണിൽ കക്ക് കളിക്കാൻ കാല് കൊണ്ട് കളം വരച്ചു അസ്മത്ത്.. കളിക്കുന്നവരുടെ എണ്ണം എടുത്തു കൊണ്ട് അസ്മത്തിന്റെ കൈയ്യാൾ സെമിഹ.. കൊത്തൻങ്കല്ലുകൾ പാവാട കീശകളിൽ നിന്നെടുത്ത് വരാന്തയിൽ സ്ഥാനം പിടിച്ചു ജിഞ്ജുവും രന്യയും നിത്യയും.. ഡ്രില്ലിlൽ അല്ല ബുക്കിൽ ആണ് കാര്യം എന്ന് പറഞ്ഞു കൊണ്ട് ജെറിയും മാളവികയും ശ്രീലെഷും പിന്നെ അവർക്കു ചുറ്റും മാത്രം നിലകൊള്ളുന്ന പഠിപ്പികളുടെ കൂട്ടവും ക്ലാസിലെ ബെഞ്ചുകളിൽ പുസ്തകപുഴുക്കൾ ആയി.. കക്ക് കളിയിൽ തോറ്റാൽ പിന്നെ കബഡി ആണ് ആയുധം.. ടീമുകൾ ആയി തിരിക്കുന്ന കർത്തവ്യം അസ്മത് തന്നെയാണ്.. ക്രിക്കറ്റ് കളിക്കുന്ന ഭാവിയുടെ വാഗ്ദാനങ്ങൾ ആയ ഇസ്ഹാഖ്, ആഷിക്ക്,ലത്തീഫ്, അഖിൽ, അഖിലേഷ് ടിപി യൊക്കെ കബഡിക്ക് മുടക്കം പറയാൻ വന്നു.. പക്ഷേ പെൺപടയുടെ പടപ്പുറപ്പാടിൽ പറമ്പിന്റെ അപ്പുറം ഇപ്പുറം എന്ന കരാറിൽ ഒപ്പ് വെച്ചു തിരികെ മടങ്ങി.. ഒന്നാമത്തെ റൗണ്ടിൽ പുറത്തായ ഉമൈറ ഇനി കേറണോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുന്ന ജുനൈസനോട് പറഞ്ഞു.. "മഞ്ചാടി മുഴുവനും എണ്ണി വെച്ചിട്ടാണോ പൂതി പറയാ?" കളി ശ്രദ്ധിച്ചു കൊണ്ട് തന്നെ ജുനൈസ ഒരു മറു ചോദ്യം ചോദിച്ചു " അത്രയും ബല്യ ഇന്റെ പൂതി എന്ന? "




Comments

Popular Posts